2011, ജൂണ്‍ 29, ബുധനാഴ്ച

നീയതറിയണം...

കാറ്റത്തു

കടുക് ചെടികള്‍ ആടുന്നത് പോലെ

നിന്‍റെ നിഴലുകള്‍ എന്‍റെ ചവിട്ടടികളില്‍ എല്ലാം


എനിയ്ക്ക് പേടിയില്ലെന്ന്

എന്നോട് ഞാന്‍ പറയുന്നതു പോലെ,

ഒരു പേടി വേറെ ഉണ്ടോ

നീ തൂങ്ങിച്ചത്ത പുളിമരം

നിഴലിടുന്ന വഴിയെ

നിന്‍റെ ചിരി ഓര്‍ത്തു

നടക്കുമ്പോള്‍


നാം ഒരു പെഗ്ഗ് ഒറ്റ വലിയ്ക്ക്‌ കുടിച്ചു

കണ്ണും മൂക്കും പുകഞ്ഞു,

ആദ്യമായല്ലെന്നു പറയും മുന്‍പേ

പരാജയപ്പെട്ടവര്‍


ഒറ്റ റണ്ണിനു മൈതാനങ്ങളില്‍

ഒരുമിച്ചോടി പരസ്പരം കാത്തവര്‍


ചിതല്‍ മുട്ടുന്ന ചെറ്റപ്പുരകളില്‍

രതിനിര്‍വേദങ്ങള്‍ തിരഞ്ഞ കൌമാരത്തെ

ഓര്‍ത്തു പരിതപിച്ചവര്‍


ഇപ്പോള്‍

പെയ്യാത്ത കരിമേഘങ്ങള്‍ പോലെ

മൂടിക്കെട്ടിയ മുഖം കുനിച്ചു

നിന്‍റെ അമ്മയും


അരിക്കാശു ചുരത്തുന്ന പയ്യിന്‍റെ

അകിട് കിടാവിനു കുടിക്കാന്‍ കൊടുത്തു

നിന്‍റെ അച്ഛനും


ചൂളം വിളികളാല്‍ കാതടഞ്ഞു

നിന്‍റെ പെങ്ങളും....


പേടിയാണെടാ എനിയ്ക്ക് നിന്നെ,

നീ തൂങ്ങിച്ചത്ത ഈ പുളിമരം

കടക്കുമ്പോഴൊക്കെ


നാളത്തെ മഴയ്ക്ക്‌ നിലം പൊത്തുമെന്നു

നീ കരഞ്ഞ നിന്‍റെ പുര

ഇതുവരെ മറിഞ്ഞിട്ടില്ല

നീയതറിയണം

3 അഭിപ്രായ(ങ്ങള്‍):

the man to walk with പറഞ്ഞു...

ഒരു മഴക്കാര് മൂടിയ സന്ധ്യപോലെ ..
ഇരുണ്ടു ..

junaith പറഞ്ഞു...

നിറഞ്ഞു നിറഞ്ഞു
വളരുന്ന പുളിമരം
തൂങ്ങിയാടുന്ന കാലില്‍
നോക്കി നോക്കി
പെന്‍ഡുലം പോലെ
ഒരുപാട് കണ്ണുകള്‍
എനിക്കും പേടിയാവുന്നു..

lijeesh k പറഞ്ഞു...

ഷൈജു,
നല്ല വരികള്‍
എഴുത്തില്‍ ആശംസകള്‍