എന്നെ അമ്പരപ്പിച്ച
ആദ്യത്തെ വളവു
വീട്ടില്‍ നിന്ന് 500m അകലെ,
മുറ്റത്ത് നിന്ന് കൊണ്ട് കാണാവുന്ന
അമ്പട്ടന്‍ വളവാണ്.
ചന്തക്കു പോകുന്ന അച്ഛന്‍റെ സൈക്കിള്‍
പുളി മരത്തില്‍ ഇടിക്കുമെന്ന് തോന്നിക്കുമ്പോള്‍
അമ്പട്ടന്‍ വളവു ആരംഭിക്കും.
അല്ലെങ്കില്‍ അച്ഛന്‍
കറുത്ത പൂവാലിപ്പയ്യിന്‍റെ മീതെയോ
ലോനാശ്ശന്‍റെ വീട്ടു വാതിലിലൂടെ അകത്തേക്കോ
സൈക്കിള്‍ ചവിട്ടി പോകുമായിരുന്നു.
പിന്നങ്ങോട്ട് മരങ്ങള്‍ക്കിടയിലൂടെ വളവുകള്‍ തന്നെ.
ഉപ്പന്‍ മുള മുള്ളുകള്‍ക്കിടയിലൂടെ
മുറിയാതെ കേറുന്ന പോലെ
വളവുകളില്‍ നിന്ന് വളവുകളിലേക്ക്
അച്ഛന്‍ മറഞ്ഞു പോകും. ഞാന്‍ നോക്കി നില്‍ക്കെ.
വെറ്റക്കണ്ടത്തിലെ ഏണിക്ക് വെട്ടിയ മുള
വലിയ കല്ലുകള്‍ നടുവിനെടുത്തു വച്ച്
നീണ്ടു കിടക്കും.
കല്ല് മാറുമ്പോള്‍
വളവു നിവരുന്നത് കാണാന്‍
വളഞ്ഞ വാലുമായി പുച്ഛിച്ചു ചിരിച്ചു
ടോമി അടുത്തുണ്ടാവും,
കൂടെക്കൂടെ എന്‍റെ കൌതുകത്തിന്‍റെ മേല്‍
കാല് പൊക്കി പെടുത്തു കൊണ്ട്.
ആ കുളിരാണെന്‍റെ കവിത.
മിണ്ടാത്ത അയല്‍ക്കാരന്‍റെ
പറമ്പ് നിറയെ മാമ്പഴം വീഴ്ത്താന്‍
ബോധപൂര്‍വം യത്നിക്കുന്ന മൂവാണ്ടന്‍റെ വളവു.
വളഞ്ഞ മാവിന്‍റെ
ഇല മുട്ടി നില്‍ക്കുന്ന ഓടിട്ട വീട്ടിലെ
അമ്മായിക്ക് വളയുന്ന
അമ്മാവന്റെ വളവു.
കുരുത്തക്കേടിന്റെ കൌമാരം
മാറ്റിവരച്ച ലിoഗത്തിന്റെ
വലത്തോട്ടുള്ള വളവു.
എന്നും കൂട്ടിനുള്ള അക്ഷരങ്ങളുടെ
മഴവില്‍ വളവു.
മൂത്രപ്പുരയില്‍
രണ്ടാണുങ്ങള്‍ വളയുമ്പോള്‍
അബദ്ധത്തില്‍ നോക്കിയ എന്‍റെ വളവു.
തിരിഞ്ഞും തിരിയാതെയും
കടന്നു പോകുമ്പോള്‍ പിന്നാലെ
പതുങ്ങി വരുന്ന 'S' കത്തിയുടെ വളവു.
എത്രയെത്ര വളവുകള്‍.
1 അഭിപ്രായ(ങ്ങള്‍):
പൊതിഞ്ഞു വെയ്ക്കുന്ന
വേറെയും എത്രയോ വളവുകള്‍ ..
ഈ വളഞ്ഞ കവിത നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ