2009, നവംബര്‍ 19, വ്യാഴാഴ്ച

മാഷ്

മാഷ്
ഒരു മനുഷ്യന്‍
ഉരുണ്ട കല്ലുകള്‍ പോലെയാകുന്നത്
അനുഭവങ്ങളാല്‍ കോണും മൂലയും പോയി
അരികുകള്‍ മിനുസപ്പെടുംപോഴാണല്ലോ

അത്തരത്തില്‍ ഒരു ഉരുണ്ട കല്ലാണ്
കഷണ്ടിത്തലക്കാരന്‍ അപ്പുമാഷ് .
മാഷ് ചവയ്ക്കുന്നത്‌ വെറ്റേമാനും
തുപ്പുന്നത് കണക്കുമാണെന്നാണ്പറയുക.
ഓര്‍ത്താല്‍ മാഷിനെപ്പോലെ ചട്ടമ്പികള്‍
ഇല്ലായിരുന്നു നമ്മുടെ നാട്ടില്‍

കൊന്നിട്ടില്ലെന്നേയുള്ളൂ
കവലയിലിട്ടു
ചവിട്ടിത്തേച്ചിട്ടുണ്ടു പലരെ
കെട്ടിയില്ലെന്നെയുള്ളൂ മൂന്നുണ്ട് മക്കള്‍.

ജയിലില്‍ കിടന്നിട്ടില്ലെന്നെയുള്ളൂ
തള്ളിപ്പോയതാണ് കേസുകള്‍

പാതി രത്രിയില്‍ ഒറ്റയ്ക്ക്
സെമിത്തേരിയില്‍ വാശിയ്ക്ക് പോയിട്ടുണ്ട്.
കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച്
കുരുത്തംകെട്ട പിള്ളേരെ
പള്ളിക്കൂടത്തിനു പുറത്ത്എറിഞ്ഞിട്ടുണ്ട്

ഗീതയും ഖുറാനും ബൈബിളും
വായിച്ചാണ് മാഷിന്റെ
പത്തിതാണതെന്ന്
പറയാറുണ്ട് മില്ലുകാരന്‍ ശങ്കരന്‍.

ഈ കല്‍ക്കണ്ടം തിന്നണം എന്നാണ്
ഓരോ പുസ്തകവും നീട്ടിക്കൊണ്ടു
പറയാറ്.

സമാധാനത്തിന്റെ വെള്ളക്കൊടി പോലത്തെ
നരച്ച മുടിയിഴകള്‍ മാടി
കറുത്ത കണ്ണടയ്ക്കുള്ളിലെ വിടര്‍ന്ന കണ്ണുകള്‍
ചുളിച്ചു
ഇതു പോലെ എല്ലാം വന്നു ചേരുമെന്ന്
ഊന്നു വടി കാണിച്ച്
മാഷ് പറഞ്ഞതു ഓര്‍മയില്ലേ...

ഇപ്പോഴും മനസ്സിലാകുന്നില്ല
മാഷിന് വന്‍തുകയുടെ ഇന്‍ഷുറന്‍സ്
എന്തിനായിരുന്നെന്ന്
അത് കൊണ്ടല്ലേ തല തല്ലിപ്പൊട്ടിച്ചു
മാഷിനെ മാഷ് തന്നെ കൊന്നത്!!!


9 അഭിപ്രായ(ങ്ങള്‍):

ഷൈജു കോട്ടാത്തല പറഞ്ഞു...

ഒരു ചര്‍ച്ച ആവാം
മലയാള കവിതയ്ക്ക് നേരെ കൊഞ്ഞനം കുത്തുന്ന എന്നെപ്പോലത്തെ
വികൃതികള്‍ക്ക് എതിരെ.

എവിടെ നിന്നും വഴി വെട്ടി കവിതയിലേക്ക് വരാം
അത് പോലെ പുറത്തേക്കും. ഇതാണെന്റെ പ്രമാണം.
എങ്ങനെ വായിയ്ക്കനമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം എങ്ങനെ എഴുതണമെന്ന എന്റെ സ്വാതന്ത്ര്യത്തിനും എതിരാവുകയില്ല ഇങ്ങനെ വിശ്വസിച്ചു കൊണ്ട് തല്‍കാലം വിട...

മഷിത്തണ്ട് പറഞ്ഞു...

ഓരോമ്മപെടുത്തലാണ്
എപ്പോഴോ മറന്നുവെന്നു ഭാവിക്കുന്ന കുറെ മാഷമ്മാരെ
പ്രാകി അസുഖം വരുത്തീട്ടുണ്ട് ;അവറ്റകള്‍ ഒരു ദിവസം ലീവെടുക്കാന്‍
എന്നിട്ടും വന്നിട്ടുണ്ട് ;ചിലപ്പോ ഉച്ച നേരത്ത്
കണക്കു പുഴുങ്ങി വയ്കാം ചമ്മന്തീം കൂട്ടി ബിഴുങ്ങാന്‍ എന്നു കുറുപ്പ് സാര്‍
എന്താടാ ടാന്‍സ്‌ ചെയ്യുന്നെന്നു തുടയില്‍ പിച്ചി ശാരദ ടീച്ചര്‍
കോളറിനു പിടിച്ചു ഡിസ്കിന് മുകളിലൂടെ പുറത്തേക്കു ഗോപി സാര്‍
എല്ലാം ക്ലാസിനെ ഒന്നാമനോട്
എന്നിട്ടും ചീത്തയായില്ല;നന്നായതുമില്ല

ഒരു കവിത ഇത്രേം തന്ന മതി
ജാതിയെതായലെന്ത് ?
നന്നായി ചങ്ങാതി

മാറുന്ന മലയാളി പറഞ്ഞു...

മാഷ് വെറും വൃത്തികെട്ടവനായിരുന്നു അല്ലെ?.........:)

Dr.jishnu chandran പറഞ്ഞു...

ഹായ്....... ഒരു നാട്ടുകാരനെ കണ്ടത്തില്‍ സന്തോഷം. കവിത നന്നായിരിക്കുന്നു

താരകൻ പറഞ്ഞു...

മാഷൊരു നല്ല ഒന്നാംതരം ക്യാരക്ടർ ആണല്ലോ.ഈ മാഷെ ഒന്നു കടംതരണം ഒരു കഥയെഴുതാനാണ്

Sreedevi പറഞ്ഞു...

ഓര്‍മ്മകളില്‍ ഒരു പാട് അധ്യാപകര്‍ ..ഓര്‍മ്മകളിലേക്ക് കൈ പിടിച്ചു കൊണ്ട് പോയതിനു നന്ദി

ഒരു നുറുങ്ങ് പറഞ്ഞു...

എത്ര നുള്ളിയാലും പിച്ചിയാലും അന്നത്തെ
മാഷന്മാരൊക്കെ,ശിഷ്യഗണങ്ങളെ വല്ലാതെ
സ്നേഹിച്ചിരുന്നു.അവരൊക്കെ കേവല മാഷന്മാരല്ല,മഹാഗുരുക്കന്മാരായിരുന്നുവല്ലോ.
ഇന്നോ,നല്ല മാഷന്മാരില്‍ മോഷക്കാരല്ലാത്തവര്‍
സിംഹവാലന്മാരെപ്പോലെ വംശമറ്റുകൊണിരിക്കുന്നു!

ചേച്ചിപ്പെണ്ണ് പറഞ്ഞു...

അല്ല ... ശരിക്കും ഇങ്ങനെ ഒരു മാഷ് ജീവിച്ചിരുന്നോ ,,,?
ഞാനും ഒരു മാഷത്തി ആയിരുന്നേ മൂന്നാല് കൊല്ലംസ് ...

പ്രശാന്ത്‌ ചിറക്കര പറഞ്ഞു...

കവിതയോ കഥയോ?