2009, നവംബര്‍ 13, വെള്ളിയാഴ്ച

പാലം

പിഴുതു വീണ ഒരു തെങ്ങാണ്
ഞങ്ങള്‍ക്ക് തോടിനു കുറുകെയുള്ള പാലം.

തകര്‍ന്നു വീഴുമ്പോള്‍
രണ്ടു കരകള്‍ നിശ്ച്ചലമാകുമെന്നു
അവകാശപ്പെടാനാവാത്ത എളിയ പാലം.
ഒറ്റയ്ക്കാവുന്നവര്‍ സുരക്ഷിതരാണെന്ന പക്ഷമുള്ള
ആ ഒറ്റത്തടി വൃക്ഷം
ഉടനീളം ജാഗ്രതയുള്ള യാത്ര ആവശ്യപ്പെടുന്നുണ്ട്.
നിവര്‍ന്നു നിന്ന കാലത്തും
ഇന്നേവരെ ഈ കിടപ്പിലും
ആരെയും വീഴ്ത്തിയിട്ടില്ല.
എല്ലാവര്‍ക്കും എല്ലാവരോടുമുള്ള
പിടുത്തം നഷ്ടപ്പെടുന്നുവെന്നതാണ്
പറയുവാനുള്ള ഏക പോരായ്മ
അതു വഴി നടക്കുമ്പോള്‍.
അവകാശ വാദങ്ങള്‍ ഇല്ലാത്തതു കൊണ്ടാവണം
രാംകോ സിമെന്റിന്റെ ഉറപ്പില്ലാഞ്ഞിട്ടും
അതു വഴി എപ്പോഴും ആളുകള്‍ ഉള്ളത്.
എന്നിട്ടും ഞങ്ങളുടെ പഞ്ചായത്തിന്റെ
വില്ലേജ് ഓഫീസിലിരിയ്ക്കുന്ന സ്കെച്ചില്‍
പ്രസ്തുത പാലം അടയാളം ചെയ്തിട്ടില്ല.

12 അഭിപ്രായ(ങ്ങള്‍):

ഷൈജു കോട്ടാത്തല പറഞ്ഞു...

എന്റെ ഗ്രാമത്തിലെ സുഹൃത്തുക്കള്‍ ഈ കവിത(?)കണ്ടാല്
‍തീര്‍ച്ചയായും ചോദിയ്ക്കും
പ്രസ്തുത പാലം എവിടെയാണെന്ന്.
അത് അത്.....എന്നല്ലാതെ അവരോടു എനിയ്ക്ക് മറ്റൊന്നും പറയാനാവില്ല.

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

വളരെ വ്യത്യസ്തമായ കാഴ്ച.
നന്നായി.വളരെ നന്നായി.

താരകൻ പറഞ്ഞു...

ഉപമാലങ്കാരങ്ങളുടെ ചിത്രതുന്നലുകൾ ചെയ്ത പട്ടുവസ്ത്രം ധരിച്ചുകൊണ്ട് ഈ കവിതയിൽ വരികൾ നൃത്തം ചവിട്ടുന്നില്ല.ഇവിടെ ഈണചിമിട്ടുകൾ പൂത്തിരികത്തിക്കുന്നില്ല..എന്നിട്ടും ഇതൊരു കവിതയാണ്..അന്തരാർഥങ്ങൾ തലയെടുപ്പോടെ നിൽക്കുന്ന ലളിത സുന്ദരമായ കവിത.
ഈ ഒറ്റത്തടി വൃക്ഷം
ഉടനീളം ജാഗ്രതയുള്ള യാത്ര ആവശ്യപ്പെടുന്നുണ്ട്.

ഗീത പറഞ്ഞു...

ഇതാണ് ലോകസ്വഭാവം. സേവനങ്ങള്‍ ഏറ്റുവാങ്ങും. പക്ഷേ സേവനദാതാവിനെ ഓര്‍ക്കുകയില്ല.

ഇഷ്ടപ്പെട്ടു ഒറ്റത്തടിപ്പാലത്തിന്റെ കഥ പറഞ്ഞ ഈ കവിത.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

അടയാളപ്പെടുത്താത്ത അവകാശങ്ങള്‍..

നന്നായി

ഒരു നുറുങ്ങ് പറഞ്ഞു...

‘വില്ലേജ് ഓഫീസിലിരിക്കുന്ന സ്കെച്ചില്‍
പ്രസ്തുത പാലം അടയാളം ചെയ്തിട്ടില്ല.’

ഓഫീസുകളിലിപ്പോള്‍,ചന്ദ്രനില്‍ ചെന്നു അവിടം മുച്ചൂടും
തുരന്ന് കുളമാക്കി അതിന്മേല്‍ പാലം പണിയാനുള്ള
സ്കെച്ചുകളും/ടെന്‍ററുകളും മാത്രം !!

ഷാജീ സോറി,പാലത്തിന്‍റെ ഇപ്പുറത്താണിപ്പോള്‍...

ആശംസകള്‍!

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

ലളിതം ..സുന്ദരം..

ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...

കൊള്ളാം മാഷെ

വയനാടന്‍ പറഞ്ഞു...

വില്ലേജാപ്പീസ്സിൽ മാത്രമല്ല സുഹൃത്തേ; ചരിത്രത്തിലെവിടെയും നമ്മളാ പാലം കാണുകയില്ല; എങ്കിലും ഉടനീളം ജാഗ്രത ആവശ്യമുള്ളള യാത്ര ഓർമ്മപ്പെടുത്തിക്കൊണ്ട്‌ ആ പാലം അവിടെത്തന്നെയുണ്ട്‌.

ഏ.ആര്‍. നജീം പറഞ്ഞു...

തെങ്ങ് ചതിക്കില്ലെന്ന് ഒരു പഴംചൊല്ലുള്ളത് അറിയില്ലെ.. :)

വ്യത്യസ്തമായ കവിത

Midhin Mohan പറഞ്ഞു...

ചുമ്മാതല്ല തെങ്ങിനെ 'കല്പവൃക്ഷം" എന്ന് വിളിക്കുന്നത്.....

പഥികന്‍ പറഞ്ഞു...

കൊള്ളാം. നല്ല കവിതകള്‍.

നല്ല പാലം. നല്ല വരികള്‍, ആശയവും. ഇതു കൂടുതല്‍ ഇഷ്ടപ്പെട്ടു.

പാലങ്ങള്‍ക്ക് ബന്ധിപ്പിക്കുക എന്ന വലിയ ഒരു നിയോഗമില്ലേ? നമുക്കും പാലങ്ങളാകാം.